എന്റെ ആശാന്‍ കുറെ കാലമായി ഒരു ശിഷ്യനെ അന്വേഷിച്ചു നടക്കുന്നു. എങ്കിലും ആശാന്റെ ആശക്കൊത്ത ഒരാളെ ഇതുവരെ കിട്ടിയിട്ടില്ല. പലരും കോണ്ടാക്റ്റ് ചെയ്യുന്നുണ്ടെങ്കിലും, എല്ലാം ഒത്തു വന്നാല്‍ ടോഫെല്‍ സ്കോര്‍(TOEFL score) കുറഞ്ഞതിനാല്‍ നിരസിക്കുന്നു. അല്ലേലും ഈ ആശാന്റെ ആഗ്രഹം ഇച്ചിരി കൂടുതലാ…
അതെന്തോ ആയിക്കോട്ടെ, ആശാനായി ആശാന്റെ പാടായി…
എന്നാലും മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടാനുള്ള മലയാളിയുടെ ആ ആഗ്രഹം അടക്കി നിര്‍ത്താന്‍ ചിലപ്പോള്‍ എനിക്ക് പറ്റില്ല. ദൈവം മലയാളിക്കു കനിഞ്ഞു നല്‍കിയ ഒരു അനുഗ്രഹമാനല്ലോ അത്…
ഇതില്‍ എനിക്ക് ചോദിക്കാന്‍ അല്പം ന്യായവും ഉണ്ട്. കാരണം, ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ ഇദ്ദേഹം ടോഫലും – കീഫലും ഒന്നും ചോദിച്ചില്ല. ഇപ്പോള്‍ എന്താ ഇതിന്റെയൊക്കെ ഒരു അത്യാവശ്യം …എന്നോടു ഇങ്ങനത്തെ വല്ല കിണാപ്പും എഴുതാന്‍ പറഞ്ഞിരുന്നേല്‍ ഞാന്‍ എന്റെ വഴിക്ക് പോകുമായിരുന്നു എന്ന് ആശാന് ഒരു ഉള്‍വിളി ഉണ്ടായിക്കാണണം..
ഇന്നലെ ഞാനും ജിബുവും ഇക്കാര്യം ചര്‍ച്ച ചെയ്തു…
നിന്നെ എടുത്തതില്‍ പിന്നെ ടോഫല്‍ ഇല്ലാതെ ആളെ എടുത്താല്‍ കുഴപ്പമാണെന്ന് ആള്‍ക്ക് മനസ്സിലായിക്കാണും എന്ന് ജിബുവിന്റെ ന്യായമായ അഭിപ്രായം…
എനിക്കും തോന്നി ജിബു പറഞ്ഞത് ശരിയാണെന്ന്. കാരണം ബീഹാറില്‍ നിന്നും കേരളത്തില്‍ കൊണ്ടുവന്ന ആനകളെ പോലെ നടക്കാന്‍ പറയുമ്പോള്‍ ഇരിക്കുക, നിക്കാന്‍ പറയുമ്പോള്‍ ഓടുക തുടങ്ങിയ എന്റെ കോപ്രായങ്ങള്‍ അദ്ദേഹത്തിന് മടുത്തു കാണണം. എന്തിനു കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങണം എന്ന് ആശാന്‍ കരുതിയാല്‍ തെറ്റ് പറയാന്‍ പറ്റില്ലല്ലോ.
ഏതായാലും ആശാന് ഒരു സഹായമാകട്ടെയെന്ന നിലക്ക് എന്റെ വകയും ഒരു പരസ്യം …ദാ പിടിച്ചോ…
നല്ല ടോഫെല്‍ സ്കോര്‍, നല്ല സൗന്ദര്യം, നല്ല സ്വഭാവം, ഇടതൂര്‍ന്ന തലമുടി, വിടര്‍ന്ന കണ്ണുകള്‍ എന്നിവ ഒത്തു ചേര്‍ന്ന ഐശ്വര്യവതികളായ ഏത് പെണ്‍കുട്ടികള്‍ക്കും ഇവിടെ അപ്ലൈ ചെയ്യാം അല്പം ഫിസിക്സ് അറിയണമെന്ന് മാത്രം.
അല്ല പിന്നെ, ആണുങ്ങള്‍ മാത്രം കയറിക്കൂടാന്‍ ഇതെന്താ സെമിനാരിയോ???
ദൈവത്തിനുള്ളത് ദൈവത്തിനു കൊടുക്കാന്‍ മറക്കരുതല്ലോ: ഇത്രേം നല്ല ഒരു ആശാനെ നല്‍കിയ അല്ലാഹുവിന് സര്‍വസ്തുതിയും. കോഴിക്കോട് ഹജ്ജ് ഹൌസ് ഉദ്ഘാടനം ചെയ്യുമ്പോള്‍ അച്ചുതാനന്ദന്‍ പറഞ്ഞ പോലെ ജിബുവിനുള്ളത് ഞാന്‍ വേറെ വച്ചിട്ടുണ്ട്.
